പര്‍ണശാലയിലേക്ക് *

വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൈതൃകം പാടിത്തന്ന പാട്ടു ഞാനല്പാല്പമായ്-
മറന്നു പുതുമയ്ക്കൊത്താടുവാനാകുന്നില്ല
എങ്കിലും നടന്നു ഞാന്‍ വെറുതേ നിങ്ങള്‍ക്കൊപ്പം
എന്നിലേ സന്ദേഹത്തിന്‍ നൊമ്പരം കാണിക്കാതെ
അഛനും മുത്തഛനും മല്പിതാമഹന്‍മാരും
നടന്നോരിടവഴിക്കെത്തി നില്‍ക്കുന്നു നമ്മള്‍
ഇനി ഈ ഇളങ്കാറ്റത്തല്പമൊന്നിരിക്കട്ടെ
ഇടറും ഹൃദന്ദത്തേ സ്വല്പമൊന്നുറക്കട്ടേ
എനിക്കീ ഇടവഴി പോകണം സംസ്കാരത്തിന്‍
തിരിവാണേകാന്തക്കല്‍ പടവുകള്‍ കേറട്ടേ ഞാന്‍
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍
പര്‍ണശാലകള്‍ തീര്‍ത്ത പാവന സംസ്കാരത്തിന്‍
പൌര്‍ണമിത്തിങ്കള്‍ ദൂരെ ച്ചിരിക്കുന്നത് കാണാം
വഴിയില്‍ പ്രപഞ്ചത്തിന്‍ സ്പന്ദനം പ്രണവത്തിന്‍
പൊരുളില്‍ കണ്ണും പൂട്ടി ഉറങ്ങുന്നതും കാണാം
പഴയോരോലക്കീറില്‍ തുടിക്കും ആത്മാക്കള്‍തന്‍
പദസഞ്ജയം മണ്ണില്‍ തിളങ്ങുന്നതും കാണാം
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
നശിക്കും സൌഹാര്‍ദങ്ങള്‍ ബന്ധങ്ങള്‍ നിശാചരര്‍
നടക്കും വഴി നിങ്ങള്‍ നടക്കൂ, മടുത്തു ഞാന്‍
മറന്നോ മാതൃത്വമേ മക്കളേ മുലയൂട്ടാന്‍
മറന്നോ സഹനത്തിന്‍ പടവാള്‍മുനകളേ
പഞ്ചമാതൃക്കള്‍ നിന്നു ലജ്ജിച്ചു അവര്‍ തന്ന
സഞ്ജിത സംസ്കാരത്തെ മറന്നോരല്ലേ നിങ്ങള്‍
പുതുതായ് നിങ്ങള്‍ തീര്‍ത്ത പര്‍ണശാ‍ലയില്‍
മദ്യ പത്തയില്‍ നുരഞ്ഞിടും കാമഗോപുരങ്ങളില്‍
ഇടറും പദങ്ങളില്‍ പലര്‍തന്‍ മാറില്‍ ചാഞ്ഞ്-
മയങും മുഖങ്ങളേ നിങ്ങളൊ പതിവ്രതര്‍
നിനക്കുണ്ടൊരു കാലം നിദ്രയില്ലാതെ നിലത്തിഴയും
സര്‍വോഷ്ണത്താല്‍ പുകയുന്നൊരുകാലം.
അന്നു നിന്‍ പരമ്പര ശാപമോചനത്തിനായ്
നിന്നു കേഴുമ്പോള്‍ അവര്‍ക്കീവഴി തുറക്കും ഞാന്‍
വിടരും ദലങ്ങളേ നിങ്ങളും തനതായ വീഥിയില്‍
സ്വതന്ത്രരായ് നടക്കാന്‍ പഠിച്ചുവോ
നാളത്തേ സംസ്കാരത്തിന്‍ മൊട്ടുകള്‍ ഓരോകൊച്ചു
നാവിലും നാവേറിലൂടെത്തിക്കും മുത്തശ്ശിമാര്‍
ഇന്നവര്‍ മകളിലും ചെറുതാണിളം കൂന്തല്‍
തഴുകി ചായം പൂശി ഇരിക്കും മാലാഖമാര്‍
ഇനിയീ കാരാഗൃഹം ത്യജിക്കാം നിദാന്തമാം
സുഖത്തിന്‍ കൂടും തേടി പറക്കാന്‍ കൊതിപ്പു ഞാന്‍
വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍

2006ല്‍ കേരള കലാകേന്ദ്രത്തിന്‍റെ വിദ്യാരംഭം വിശേഷാല്‍ പതിപ്പില്‍ വന്നത്


Avatar (Two-Disc Blu-ray/DVD Combo) [Blu-ray]