പര്‍ണശാലയിലേക്ക് *

വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൈതൃകം പാടിത്തന്ന പാട്ടു ഞാനല്പാല്പമായ്-
മറന്നു പുതുമയ്ക്കൊത്താടുവാനാകുന്നില്ല
എങ്കിലും നടന്നു ഞാന്‍ വെറുതേ നിങ്ങള്‍ക്കൊപ്പം
എന്നിലേ സന്ദേഹത്തിന്‍ നൊമ്പരം കാണിക്കാതെ
അഛനും മുത്തഛനും മല്പിതാമഹന്‍മാരും
നടന്നോരിടവഴിക്കെത്തി നില്‍ക്കുന്നു നമ്മള്‍
ഇനി ഈ ഇളങ്കാറ്റത്തല്പമൊന്നിരിക്കട്ടെ
ഇടറും ഹൃദന്ദത്തേ സ്വല്പമൊന്നുറക്കട്ടേ
എനിക്കീ ഇടവഴി പോകണം സംസ്കാരത്തിന്‍
തിരിവാണേകാന്തക്കല്‍ പടവുകള്‍ കേറട്ടേ ഞാന്‍
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍
പര്‍ണശാലകള്‍ തീര്‍ത്ത പാവന സംസ്കാരത്തിന്‍
പൌര്‍ണമിത്തിങ്കള്‍ ദൂരെ ച്ചിരിക്കുന്നത് കാണാം
വഴിയില്‍ പ്രപഞ്ചത്തിന്‍ സ്പന്ദനം പ്രണവത്തിന്‍
പൊരുളില്‍ കണ്ണും പൂട്ടി ഉറങ്ങുന്നതും കാണാം
പഴയോരോലക്കീറില്‍ തുടിക്കും ആത്മാക്കള്‍തന്‍
പദസഞ്ജയം മണ്ണില്‍ തിളങ്ങുന്നതും കാണാം
പിരിയാം സഹചരേ നിങ്ങള്‍ക്കീ വഴി തെല്ലും
പരിചിതമല്ല ഞാനിന്നേകനായ് നടന്നിടാം
നശിക്കും സൌഹാര്‍ദങ്ങള്‍ ബന്ധങ്ങള്‍ നിശാചരര്‍
നടക്കും വഴി നിങ്ങള്‍ നടക്കൂ, മടുത്തു ഞാന്‍
മറന്നോ മാതൃത്വമേ മക്കളേ മുലയൂട്ടാന്‍
മറന്നോ സഹനത്തിന്‍ പടവാള്‍മുനകളേ
പഞ്ചമാതൃക്കള്‍ നിന്നു ലജ്ജിച്ചു അവര്‍ തന്ന
സഞ്ജിത സംസ്കാരത്തെ മറന്നോരല്ലേ നിങ്ങള്‍
പുതുതായ് നിങ്ങള്‍ തീര്‍ത്ത പര്‍ണശാ‍ലയില്‍
മദ്യ പത്തയില്‍ നുരഞ്ഞിടും കാമഗോപുരങ്ങളില്‍
ഇടറും പദങ്ങളില്‍ പലര്‍തന്‍ മാറില്‍ ചാഞ്ഞ്-
മയങും മുഖങ്ങളേ നിങ്ങളൊ പതിവ്രതര്‍
നിനക്കുണ്ടൊരു കാലം നിദ്രയില്ലാതെ നിലത്തിഴയും
സര്‍വോഷ്ണത്താല്‍ പുകയുന്നൊരുകാലം.
അന്നു നിന്‍ പരമ്പര ശാപമോചനത്തിനായ്
നിന്നു കേഴുമ്പോള്‍ അവര്‍ക്കീവഴി തുറക്കും ഞാന്‍
വിടരും ദലങ്ങളേ നിങ്ങളും തനതായ വീഥിയില്‍
സ്വതന്ത്രരായ് നടക്കാന്‍ പഠിച്ചുവോ
നാളത്തേ സംസ്കാരത്തിന്‍ മൊട്ടുകള്‍ ഓരോകൊച്ചു
നാവിലും നാവേറിലൂടെത്തിക്കും മുത്തശ്ശിമാര്‍
ഇന്നവര്‍ മകളിലും ചെറുതാണിളം കൂന്തല്‍
തഴുകി ചായം പൂശി ഇരിക്കും മാലാഖമാര്‍
ഇനിയീ കാരാഗൃഹം ത്യജിക്കാം നിദാന്തമാം
സുഖത്തിന്‍ കൂടും തേടി പറക്കാന്‍ കൊതിപ്പു ഞാന്‍
വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍
പൂര്‍വ സംസ്കാര പുണ്യ വീഥിയില്‍ പ്രതീക്ഷതന്‍
പൂത്തിരി കത്തിച്ചെന്നേ കാത്തിരിപ്പുണ്ടാമവര്‍

2006ല്‍ കേരള കലാകേന്ദ്രത്തിന്‍റെ വിദ്യാരംഭം വിശേഷാല്‍ പതിപ്പില്‍ വന്നത്


Avatar (Two-Disc Blu-ray/DVD Combo) [Blu-ray]

13 comments:

  1. നിസ്വനാണിന്ന് ഞാന്‍ നിസ്സഹായനാണ് ഞാന്‍
    എന്നൂ വിലപിക്കുമോരോ നിമിഷവും...

    ReplyDelete
  2. "നാളത്തേ സംസ്കാരത്തിന്‍ മൊട്ടുകള്‍ ഓരോകൊച്ചു
    നാവിലും നാവേറിലൂടെത്തിക്കും മുത്തശ്ശിമാര്‍
    ഇന്നവര്‍ മകളിലും ചെറുതാണിളം കൂന്തല്‍
    തഴുകി ചായം പൂശി ഇരിക്കും മാലാഖമാര്‍"

    :)

    നല്ല വരികൾ

    ReplyDelete
  3. ഉഗ്രന്‍ കവിതയാണ്.
    ജീവിതവഴിയേറെ താണ്ടിക്കഴിയുമ്പോള്‍ പിന്നെ കൂട്ടിനാരുമുണ്ടാവില്ല. പിന്നത്തെ വഴികള്‍ തനിയേ താണ്ടണം.

    ReplyDelete
  4. വെറുതേ പോകട്ടെ ഞാൻ നിസ്വനായ് നിശ്ശബ്ദനായ്
    ചെറുതാമെൻ സ്വർഗ്ഗത്തെ തകർത്തീടൊല്ലേ നിങ്ങൾ


    നല്ല വരികൾ.നല്ല വരികൾ.ഇഷ്ടമായി ഈ കവിത

    ReplyDelete
  5. പ്രിയ ,

    മീര,ഗീത്,വംശവദ,സബിത

    അഭിപ്രായങ്ങള്‍ ഒത്തിരി ഇഷ്ടപ്പെട്ടു എന്‍റെ കൊച്ചു ബ്ലൊഗില്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി

    ReplyDelete
  6. കവിത എന്ന പേരില്‍ പലരും ഇവിടെ ഗദ്യം എഴുതി അതില്‍ സ്ഥാനത്തും അസ്ഥാനത്തും വരി മുറിച്ചും  ഓരോന്ന് പടച്ചു വിടുന്നത് കണ്ടിട്ടുണ്ട് , അതില്‍ നിന്നൊക്കെ വിഭിന്നമായി ഒരു യധാത്ഥ കവിത കണ്ടപ്പോള്‍ ആശ്വാസം തോന്നുന്നു. ആശമ്സകള്‍ 

    ReplyDelete
  7. ഹയ് മോഹനം

    അഭിപ്രായത്തിന് നന്ദി

    ഇനിയും വരുമല്ലൊ

    ReplyDelete
  8. വളരെ നല്ല വരികള്‍

    ReplyDelete
  9. പൈതൃകം പാടിത്തന്ന പാട്ടു ഞാനല്പാല്പമായ്-
    മറന്നു പുതുമയ്ക്കൊത്താടുവാനാകുന്നില്ല
    എങ്കിലും നടന്നു ഞാന്‍ വെറുതേ നിങ്ങള്‍ക്കൊപ്പം
    എന്നിലേ സന്ദേഹത്തിന്‍ നൊമ്പരം കാണിക്കാതെ
    ..nallathaa....nice poem

    ReplyDelete
  10. രമ്യ അഭിപ്രായത്തിനു നന്ദി.ആദ്യമായിട്ടാണല്ലോ ഇവിടെ വരുന്നത് നന്ദി വീണ്ടും വരുക.


    ശീ ....

    ReplyDelete
  11. വെറുതേ പോകട്ടേ ഞാന്‍ നിസ്വനായ് നിശബ്ദനായ്
    ചെറുതാമെന്‍ സ്വര്‍ഗത്തേ തകര്‍ത്തീടൊല്ലേ നിങ്ങള്‍...

    ReplyDelete
  12. "പര്‍ണശാലകള്‍ തീര്‍ത്ത പാവന സംസ്കാരത്തിന്‍
    പൌര്‍ണമിത്തിങ്കള്‍ ദൂരെ ച്ചിരിക്കുന്നത് കാണാം"
    നമ്മുടെ പാവന സംസ്കാരത്തിന്‍ പര്‍ണശാലകള്‍ പരിരക്ഷിക്കപ്പെടട്ടെ ,നല്ല കവിത .ഇനിയും നല്ല രചനകള്‍ ആ തൂലികയില്‍നിന്നും ഒഴുകട്ടെ, ആശംസകള്‍.

    ReplyDelete